Saturday, April 27, 2013

എസ്എസ്എല്‍സിക്കു ശേഷം ഇനിയെന്ത് ?


Click here For More

എസ്എസ്എല്‍സി പരീക്ഷാഫലം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല തെരഞ്ഞെടുക്കുന്നതിലുള്ള ബദ്ധപ്പാടിലാണ്. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി വിജയകരമായി പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസിനുശേഷം പ്ലസ് ടു പഠനം താല്‍പര്യമുള്ള ഉപരിപഠന മേഖലയില്‍/ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തിക്കാന്‍ സഹായിക്കും.പ്ലസ് ടുവിന് വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ താല്‍പര്യം പ്രത്യേകം വിലയിരുത്തണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയാണ് പ്രധാന സയന്‍സ് ഗ്രൂപ്പുകള്‍.


മാനവിക വിഷയങ്ങള്‍ അടങ്ങിയ ഗ്രൂപ്പില്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി മുതലായവ ഉള്‍പ്പെടുന്നു. കോമേഴ്സ് ഗ്രൂപ്പില്‍ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ് മുതലായവയാണ്. കണക്കില്‍ മിടുക്കുള്ള വിദ്യാര്‍ഥിക്ക് ബയോളജി ഒഴിവാക്കാം. ജീവശാസ്ത്ര മേഖലയില്‍ ഉപരിപഠനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് കണക്ക് ഉപേക്ഷിക്കാം. ഡവലപ്മെന്റ് സയന്‍സ്, സാമൂഹ്യശാസ്ത്ര മേഖലകള്‍ എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് മാനവിക വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. മാനേജ്മെന്റ്, എംബിഎ. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് കോമേഴ്സ്, ബിസിനസ് പഠന ഗ്രൂപ്പെടുക്കാം. എന്‍ജിനിയറാകാന്‍ കംപ്യൂട്ടര്‍ സയന്‍സ് ഗ്രൂപ്പെടുക്കാം. വിദേശ പഠനം ലക്ഷ്യമിടുന്നവര്‍ക്ക് സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് എന്നിവയ്ക്കിണങ്ങിയത് ബയോമാത്സ് ഗ്രൂപ്പാണ്. സിവില്‍ സര്‍വീസസ്സില്‍ താല്‍പര്യമുള്ളവര്‍ക്ക് മാനവിക വിഷയങ്ങളടങ്ങിയ കോഴ്സുകളാണ് നല്ലത്.

പത്താം ക്ലാസുവരെ പഠിക്കാന്‍ ബുദ്ധിമുട്ടുളവാക്കിയ വിഷയങ്ങള്‍ ഒരിക്കലും പ്ലസ് ടു പഠനത്തിന് തെരഞ്ഞെടുക്കരുത്. എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും പ്ലസ് ടു വിന് അഡ്മിഷന്‍ ലഭിക്കുക ഏറെ ശ്രമകരമാണ്. ദേശീയതലത്തിലുള്ള നാഷണല്‍ ഓപ്പണ്‍ സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്ലസ് ടു പൂര്‍ത്തിയാക്കാം. പ്ലസ്ടു അഡ്മിഷന്‍ ലഭിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രധാന വഴിത്തിരിവാണ്. ഇത്തരം വസ്തുനിഷ്ഠ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നത്. പ്ലസ് ടുവിന് ശേഷം പ്രൊഫഷണല്‍ കോഴ്സുകളുടെ നീണ്ട നിരതന്നെയുണ്ട്. മെഡിക്കല്‍, എന്‍ജിനിയറിങ്, കൃഷി, വെറ്ററിനറി സയന്‍സ്, ഡെന്റല്‍ സയന്‍സ്, ഫാര്‍മസി, നേഴ്സിങ്, ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. പ്ലസ്ടുവിന് ശേഷം സൈന്യത്തില്‍ ചേരാന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷകള്‍, റയില്‍വേയില്‍ സ്പെഷ്യല്‍ ക്ലാസ് റെയില്‍വേ അപ്രന്റീസ് പ്രോഗ്രാം, ഐസാറ്റില്‍ ബി.ടെക്ക്, നിഫ്റ്റില്‍ ഫാഷന്‍ ഡിസൈനിങ്, മര്‍ച്ചന്റ് നേവി എന്നിവ പ്രധാനപ്പെട്ട കോഴ്സുകളാണ്.

സയന്‍സ്, ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് ഐസര്‍, ഐഐഎസ്സി കോഴ്സുകള്‍ ഏറെ മികവുറ്റതാണ്. താല്‍പര്യമുള്ള വിഷയങ്ങളില്‍ ഡിഗ്രിക്ക് ചേര്‍ന്ന് ബിരുദം നേടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിക്കാം. പത്താം ക്ലാസിനു ശേഷം മാര്‍ക്ക് കുറഞ്ഞവര്‍ പ്ലസ് ടു വിന് ചേരുന്നതിന് പകരം പ്രവര്‍ത്തനമികവുള്ള Skill development കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതാകും നല്ലത്. രാജ്യത്തിനകത്തും ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ ലഭിക്കാന്‍ സഹായിക്കും. Skill development രംഗത്ത് അഭ്യസ്തവിദ്യരുടെ വന്‍ക്ഷാമം രാജ്യത്ത് നിലനില്‍ക്കുന്നു.

ഹോട്ടല്‍ മാനേജ്മെന്റ്, ആയുര്‍വേദ ഫാര്‍മസി, ലബോറട്ടറി ടെക്നീഷ്യന്‍, ടൂറിസ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍, സര്‍ട്ടിഫിക്കേറ്റ് കോഴ്സുകള്‍ എന്നിവ ഇവയില്‍ ചിലതാണ്. സാങ്കേതികരംഗത്ത് പോളിടെക്നിക്കുകള്‍, ഐടിഐകള്‍ എന്നിവയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തന മികവുള്ള കോഴ്സുകളാണ്. കൃഷി, കംപ്യൂട്ടര്‍ സയന്‍സ്, ഐടി, അനിമേഷന്‍, കണ്‍സ്ട്രക്ഷന്‍, ആര്‍ക്കിടെക്ചര്‍, അപ്പാരല്‍ ട്രെയിനിങ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്, ബ്യൂട്ടീഷന്‍, നേഴ്സിങ്, ഖാദി വ്യവസായം, ഡിസൈനിങ്, ജെമ്മോളജി, ഗ്രാഫിക്ക് ഡിസൈനിങ്, ഡിടിപി ഓപ്പറേറ്റര്‍, ഓട്ടോമൊബൈല്‍ മെക്കാനിക്ക്, മെക്കാട്രോണിക്സ് എന്നിവ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ്.

ജന്തുക്ഷേമം, അനിമല്‍ ഹാന്‍ഡ്ലിങ്, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍, പൗള്‍ട്രി ഫാമിങ് ഡെയ്റി ഫാമിങ് എന്നിവയിലും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ട്രസ്റ്റിന്റെ ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് തൊഴില്‍ സാധ്യതയേറെയാണ്. കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല എന്നിവയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും മികവുറ്റവയാണ്. എസ്എസ്എല്‍സിക്കു ശേഷം താല്‍പര്യമുള്ള മേഖലയില്‍ സ്വന്തം കഴിവുകള്‍ വിലയിരുത്തി കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതാണ്.

+++++++++++++++++++++++++++++++++++++++++++++++++++++++


 Apply For this Jobs its Free Click here


No comments:

Post a Comment