തേഞ്ഞിപ്പലം: ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) എഴുതാന്‍ കഴിയാത്തവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല പ്രത്യേക പരീക്ഷ നടത്തും. നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ അവസരം ലഭിക്കാതെ പുറത്തിറങ്ങിയ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ ഡിഗ്രിക്കാര്‍ക്ക് പ്രത്യേക പരീക്ഷയും നടത്തും. സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടന്ന അദാലത്തിലെ പരാതികള്‍ പരിഗണിച്ച് വി.സിയാണ് തീരുമാനമെടുത്തത്. ആര്‍ക്കൊക്കെ അവസരം നല്‍കുമെന്നടക്കമുള്ള വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും.
ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാതെ ബി.എഡ് നേടിയവരുടെ പരാതി പരിഗണിച്ചാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. 45 ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ബി.എഡ് നേടിയവരാണ് പരാതിക്കാര്‍. പി.എസ്.സി അംഗീകരിച്ച ബി.എഡ് നേടിയവരാണിവര്‍. വ്യാഴാഴ്ച നടന്ന അദാലത്തില്‍ നിരവധി പേരാണ് ഈ പരാതി ഉന്നയിച്ചത്. കാലിക്കറ്റിന്റെ ഡിഗ്രി കഴിഞ്ഞ ഇവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ നടത്തുന്നതും പരിഗണിക്കും.
2009ല്‍ പ്രവേശം നേടിയ റഗുലര്‍ ഡിഗ്രിക്കാര്‍ക്കാണ് നാലാം സെമസ്റ്റര്‍ പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തുക. നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വൈകിയതിനാല്‍ പലര്‍ക്കും സപ്ലിമെന്ററി അവസരം ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇരു പരീക്ഷകളുടെയും വിജ്ഞാപനം ഉടന്‍ നടത്തും.
ഫണ്ടമെന്റല്‍ ഓഫ് മാസ് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഹിസ്റ്ററി ഓഫ് ജേണലിസം പരീക്ഷയെഴുതിയ ഒരു കോളജിലെ 47 വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ ഹിസ്റ്ററി ഓഫ് ജേണലിസത്തിലേക്ക് മാറ്റുന്നത് പരീക്ഷാ സ്ഥിരം സമിതിയുടെ പരിഗണനക്കുവിട്ടു.

No comments:
Post a Comment