Wednesday, September 5, 2012

സയന്‍സ്‌ കോണ്‍ഗ്രസ്‌ ജനുവരിയില്‍ തിരുവനന്തപുരത്ത്‌

         തിരുവനന്തപുരം: കേരള സയന്‍സ്‌ കോണ്‍ഗ്രസിന്റെ ഇരുപത്തിഅഞ്ചാം സമ്മേളനം അടുത്ത വര്‍ഷം ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടക്കും. ശാസ്‌ത്ര വിദ്യാഭ്യാസവും ഗവേഷണവും എന്നതാണ്‌ രജതജൂബിലി സമ്മേളനത്തിന്റെ പ്രധാന വിഷയം. ഇതിന്റെ ഭാഗമായി കനകക്കുന്ന്‌ കൊട്ടാരത്തില്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി അഞ്ചു വരെ ദേശീയ ശാസ്‌ത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. പ്രമുഖ ശാസ്‌ത്ര- സാങ്കേതിക സ്ഥാപനങ്ങളും ഗവേഷണ- വികസന സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. സയന്‍സ്‌ കോണ്‍ഗ്രസിന്റെ റജിസ്‌ട്രേഷന്‍ സപ്‌തംബര്‍ ഒന്നിന്‌ ആരംഭിക്കും.
    വിജ്ഞാനം പങ്കുവെക്കുന്നതിനും ഗൗരവതരമായ പരസ്‌പരചര്‍ച്ചകള്‍ക്കുമായി നിരവധി സെഷനുകളാണ്‌ ശാസ്‌ത്രകോണ്‍ഗ്രസില്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. മത്സരങ്ങള്‍ക്കുള്ള പ്രബന്ധങ്ങളും പൊതു പ്രബന്ധങ്ങളും തെരഞ്ഞെടുത്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വിവിധ സെഷനുകളില്‍ ഉള്‍പെടുത്തും. യുവശാസ്‌ത്രജ്ഞര്‍ക്കുള്ള അവാര്‍ഡുകള്‍, മികച്ച പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള പരസ്‌പര ചര്‍ച്ചകള്‍, കുട്ടികളുടെ സയന്‍സ്‌ കോണ്‍ഗ്രസ്‌ എന്നിങ്ങനെ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളും സയന്‍സ്‌ കോണ്‍ഗ്രസിലുണ്ടാവും.
    നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിലെ മികച്ച പ്രബന്ധങ്ങള്‍ക്ക്‌ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകളും 10.000 രൂപയുടെ കാഷ്‌ അവാര്‍ഡും നല്‍കും. കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഇവര്‍ക്ക്‌ അടുത്ത രണ്ടു വര്‍ഷത്തേക്ക്‌ ഓരോ ലക്ഷം രൂപ വീതം നല്‍കും. ശാസ്‌ത്രത്തിന്റെ ഏതെങ്കിലും മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയതിന്‌ പ്രതിഭാധനരായ യുവ ശാസ്‌ത്രജ്ഞരെ ആദരിക്കാനാണ്‌ കെ.എസ്‌.സി.എസ്‌.ടി.ഇ യുവശാസ്‌ത്രപ്രതിഭകള്‍ക്കുള്ള അവാര്‍ഡ്‌ ഏര്‍പെടുത്തിയിരിക്കുന്നത്‌. കെ.എസ്‌.സി.എസ്‌.ടി.ഇയുടെ കീഴിലുള്ള വിവിധ സ്‌കീമുകളിലൂടെ പ്രോജക്‌ട്‌ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക തെരഞ്ഞെടുപ്പു നടത്തുകയും വിജയികളെ ശാസ്‌ത്രകോണ്‍ഗ്രസില്‍ അനുമോദിക്കുകയും ചെയ്യും.
     ഇന്ത്യ ഒരു വിജ്ഞാനാധിഷ്‌ഠിത സാമ്പത്തിക ശക്തിയായി വളരാന്‍ തയാറെടുക്കുന്നത്‌ കണക്കിലെടുത്താണ്‌ സയന്‍സ്‌ കോണ്‍ഗ്രസിന്റെ പ്രധാനവിഷയം ശാസ്‌ത്ര വിദ്യാഭ്യാസവും ഗവേഷണവും എന്നാക്കിയതെന്ന്‌ ശാസ്‌ത്ര, സാങ്കേതിക, പരിസ്ഥിതി കമ്മിറ്റി (കെ.എസ്‌.സി.എസ്‌.ടി.ഇ) എക്‌സിക്യൂട്ടിവ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. വി.എന്‍ രാജശേഖരന്‍പിള്ള അറിയിച്ചു. കെ.എസ്‌.സി.എസ്‌.ടി.ഇ ആണ്‌ അതിന്‌ കീഴിലുള്ള ശാസ്‌ത്ര ഗവേഷണ- വികസന സ്ഥാപനങ്ങളുടെയും ടെക്‌നോപാര്‍ക്കിന്റെയും സഹകരണത്തോടെ സയന്‍സ്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്നത്‌. ഡോ. പി.കെ അയ്യങ്കാര്‍, ഡോ.ജി.എന്‍ രാമചന്ദ്രന്‍, ഡോ. ഇ.കെ ജാനകിയമ്മാള്‍, പ്രൊഫ. പി.ടി ഭാസ്‌കരപണിക്കര്‍, ഡോ. പി.കെ ഗോപാലകൃഷ്‌ണന്‍, ഡോ. പി.ആര്‍ പിഷാരടി എന്നീ ശാസ്‌ത്ര- സാങ്കേതിക പ്രതിഭകളുടെ സ്‌മരണാര്‍ത്ഥം ഏര്‍പെടുത്തിയ സ്‌മാരക പ്രഭാഷണങ്ങളും കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തും.
     കേരളത്തിലെ ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ കെ.എസ്‌.സി.എസ്‌.ടി.ഇ പുത്തന്‍ ശാസ്‌ത്ര പ്രതിഭകളെ കണ്ടെത്താനും ശാസ്‌ത്ര, സാങ്കേതിക മേഖലക്ക്‌ നവജീവന്‍ പകരാനുമാണ്‌ എല്ലാ വര്‍ഷവും കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌ നടത്തുന്നത്‌. സാമൂഹ്യ- സാമ്പത്തിക വികസനത്തില്‍ ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നിര്‍ണായകമായ പങ്ക്‌ കണക്കിലെടുത്ത്‌ ഗവേഷണത്തിലൂടെയും വികസന പ്രവര്‍ത്തനങ്ങളിലൂടെയും സ്വന്തം ശാസ്‌ത്ര അടിത്തറ ശക്തിപ്പെടുത്താനുള്ള പരിശ്രമം കേരളം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

No comments:

Post a Comment